Thursday, September 7, 2023

ജംബോ - ലോകത്തിന്റെ വാത്സല്യഭാജനം

 

 (ഫയൽ ചിത്രം) 


എന്റെ പേര് ജംബോ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ആനയാണ് ഞാൻ. ഒരു ആനയ്‌ക്ക് ലോകത്തിന്റെ മുഴുവൻ മനസ്സിൽ   ഇടംപിടിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ? അതങ്ങനെ ഒരു നിയോഗം പോലെ എന്റെ ജീവിതത്തിൽ സംഭവിച്ചു. അതുപോലെ മരണത്തിലും... ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ എന്നെപ്പറ്റിയും  എന്റെ മരണത്തെപ്പറ്റിയും പല കഥകളും പറയുന്നുണ്ട്.   

ഞാൻ, അന്നത്തെ ഒരു സൂപ്പർ സ്റ്റാറായിരുന്നു കേട്ടോ. എന്റെ ജീവിതകഥ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ വരൂ... അൽപ്പസമയം നമുക്കൊന്നിച്ചു ചെലവഴിക്കാം. 

ആഫ്രിക്കയിൽ ജനിച്ച ഞാൻ എങ്ങനെയാണ് കാനഡയിൽ  എത്തിയതെന്നു ആദ്യം പറയാം ല്ലേ... 1860 ൽ സുഡാനിലാണ് എന്റെ ജനനം. ആഫ്രിക്കയിൽ ജനിച്ചെങ്കിലും എന്റെ അച്ഛനെയോ അമ്മയെയോ കണ്ട ഓർമ്മയെനിക്കില്ല. പല കൈകൾ മറിഞ്ഞു എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ ലണ്ടനിൽ എത്തിപ്പെട്ടിരുന്നു. ബാല്യവും കൗമാരവുമെല്ലാം അവിടെയായിരുന്നു. അവിടെയും എനിക്കു സ്വന്തക്കാരോ ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ വളർന്നു. അതാണല്ലോ പ്രകൃതി നിയമവും. 

പല മുതലാളിമാരുടെ കൂടെയായിരുന്നു ലണ്ടനിലെ എന്റെ ജീവിതം.  അവർ എനിക്കു വേണ്ട ഭക്ഷണവും ശുശ്രുഷയും തരുന്നുണ്ടായിരുന്നു. അതിനനുസരിച്ചുള്ള ജോലികളും എന്നെക്കൊണ്ടു ചെയ്യിച്ചിരുന്നു. എന്നാലും ഞാൻ സന്തോഷവാനായിരുന്നു. ഞാൻ  ഏറ്റവും സന്തോഷത്തോടെ ജീവിച്ച ഒരു കാലമായിരുന്നു ലണ്ടനിലെ കാഴ്ചബംഗ്ലാവിലെ സവാരിക്കാരനായി ജോലി ചെയ്തിരുന്ന നാളുകൾ. അവിടെ മനുഷ്യക്കുട്ടികൾക്കു വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചിരുന്നത്. നിങ്ങളെപ്പോലുള്ള കുട്ടികളോടൊപ്പം കഴിഞ്ഞ ആ കാലമായിരുന്നു സന്തോഷത്തിന്റെ വർണ്ണപ്പീലിക്കാലമായി ഞാനെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അങ്ങനെ വളർന്നു വളർന്നു ഏകദേശം 12 അടി ഉയരവും 7 ടൺ ഭാരവുള്ള ഒത്തൊരു ആനയായി. അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ആനയാണ് ഞാനെന്നു പലരും പറഞ്ഞു. 


അങ്ങനെയിരിക്കുമ്പോഴാണ് എന്നെപ്പറ്റി കേട്ടറിഞ്ഞ ബാർണ്ണം എന്ന സർക്കസ് ഉടമ കാനഡയിൽ നിന്നും എന്നെത്തേടി എത്തിയത്. നല്ലൊരു തുക എന്റെ മുതലാളിക്കു കൊടുത്തിട്ടാണ് അദ്ദേഹം എന്നെ സ്വന്തമാക്കിയത്. 1882 ലാണ് എന്നെ കാനഡായിലേക്കു കൊണ്ടു വരുന്നത്. എന്നെക്കൊണ്ടു പോകാനുള്ള കൂടു പണിയാൻ രണ്ടാഴ്ച എടുത്തു എന്നൊക്കെ അതിശയത്തോടെ പലരും പറയുന്നത് ഞാനും കേൾക്കുന്നുണ്ടായിരുന്നു. കാനഡയിലേക്കു പോരുന്ന അന്ന് ലണ്ടൻ നിവാസികൾ തന്ന യാത്രയയപ്പ് ഞാൻ ഒരിക്കലും മറക്കില്ല. അവർ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു ആ യാത്രയയപ്പ്. ഇന്നും അതോർക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ്സും കണ്ണും നിറയും.  


ബാർണ്ണത്തിന്റെ സർക്കസ് കമ്പനിയിലായിരുന്നു എനിക്കു ജോലി. പതിയെ കാനഡയിലും എന്നെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി.  കാനഡയെയും അവിടുത്തെ ആളുകളെയും ഞാനും ഇഷ്ടപ്പെട്ടു. അപ്പോഴേക്കും പി.ടി ബർണത്തിന്റെ " ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്" എന്ന സർക്കസ് പരിപാടി, അന്നുവരെയുള്ള സർക്കസ് ചരിത്രത്തിലെ ഒരു വലിയ അധ്യായമായി മാറിയിരുന്നു. ആ പരിപാടിയിലെ പ്രധാന ആകർഷണം ഞാനായിരുന്നു എന്നതിൽ എനിക്കും സന്തോഷമുണ്ട്.  


ഇവിടെ എനിക്കു ചില കൂട്ടുകാരെയൊക്കെ കിട്ടി ട്ടോ. ടോം തമ്പ് എന്ന കുട്ടിയാനയോടായിരുന്നു കൂടുതൽ അടുപ്പം. എന്തും പറയാവുന്ന വിശ്വസിക്കാവുന്ന കൂട്ടുകാരൻ എന്നൊക്കെ നിങ്ങൾ പറയില്ലേ.. അതു പോലെയുള്ള കൂട്ടുകാരനാണവൻ. എവിടെയും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങളുടെ പരിശീലകനായ മാത്യു സ്കോട്ടും ഞങ്ങളുമായി നല്ല സ്നേഹത്തിലായിരുന്നു. അദ്ദേഹം എപ്പോഴും ഞങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു. 


മെല്ലെ മെല്ലെ കാനഡയിലെ ജീവിതം ആസ്വദിച്ചു തുടങ്ങി. കാനഡയുടെ വിവിധ ഭാഗങ്ങളിൽ സർക്കസുമായി ചുറ്റിക്കറങ്ങി. പോകുന്നയിടത്തെല്ലാം ആളുകളുടെ പ്രത്യേകിച്ചു കുട്ടികളുടെ സ്നേഹം ഒരുപാട് സന്തോഷം നൽകി.  ജീവിതം അങ്ങനെ ശാന്തസുന്ദരമായി മുന്നോട്ടു പോകുകയായിരുന്നു. 


1885 സെപ്റ്റംബർ 15 ലെ ആ രാത്രി എന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസമായിരുന്നുവെന്നു പറയാം. അന്നാണ് സെന്റ് തോമസ് നഗരത്തിൽ സർക്കസ് കളിക്കാനായി ഞാനും എന്റെ സുഹൃത്തുക്കളും എത്തുന്നത്. റെയിൽവേ ട്രാക്കിനു അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ കൂടാരം. അതെന്താണെന്നു വെച്ചാൽ, ഞങ്ങളെയൊക്കെ സർക്കസിനു കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള സൗകര്യത്തിനാണ് സർക്കസ് കൂടാരം എപ്പോഴും തീവണ്ടിപ്പാതയ്ക്കു അരികിലാക്കുന്നത്. അതിനുള്ള അനുമതിയും റയിൽവേയിൽ   നിന്നും ബാർണം നേടിയിരുന്നു.  


(ഫയൽ ചിത്രം)

അന്നു രാത്രി ഒമ്പതരയോടെ സർക്കസു കഴിഞ്ഞു ഞാനും  ടോം തമ്പും ഞങ്ങളുടെ പരിശീലകനായ  മാത്യു സ്കോട്ടിനോടൊപ്പം കൂടുകളിലേക്കു മടങ്ങുകയായിരുന്നു. പെട്ടെന്നാണ് ഒരു ചരക്കു തീവണ്ടി പാഞ്ഞു വരുന്നത് സ്‌കോട്ട്  കണ്ടത്.  അപകടസാധ്യത മനസ്സിലാക്കിയ അദ്ദേഹം ഞങ്ങളെ ട്രാക്കിന്റെ അരികിലൂടെ താഴേക്കു  തള്ളി നീക്കാൻ ശ്രമിച്ചു. എന്താണു സംഭവിക്കുന്നതെന്ന് ആദ്യം എനിക്കു മനസിലായതേയില്ല. വീണ്ടും അദ്ദേഹം ഉച്ചത്തിൽ  കൂടാരത്തിലേക്കു ഓടാൻ ഞങ്ങളോടു പറഞ്ഞു. അതു  കേട്ടതും എന്തോ ആപത്തു വരുന്നെന്നു തിരിച്ചറിഞ്ഞ ഞാനും ടോമും ഓടാൻ തുടങ്ങി.  


പിന്നിലായിപ്പോയ ടോമിനെ അപ്പോഴേക്കും അടുത്തെത്തിയ തീവണ്ടി ഇടിച്ച് തെറിപ്പിച്ചിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ തന്നെ എന്റെ കാലുകളുടെ പിന്നിലായി ആ തീവണ്ടി  ശക്തമായി ഇടിച്ചതിനാൽ ഞാൻ മുട്ടു  കുത്തി വീണു. അസഹ്യമായ വേദനയാൽ എന്റെ നിലവിളി അത്യുച്ചത്തിലായിരുന്നുവത്രേ. പ്രാണൻ പിടയുന്ന വേദനയിൽ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.  എന്നെ ഇടിച്ചു വീഴ്ത്തിയതോടെ തീവണ്ടിയും  പാളം തെറ്റുകയുണ്ടായി. കണ്ടു നിന്നവർ പറഞ്ഞത് രണ്ടു തീവണ്ടികൾ കൂട്ടി മുട്ടുന്നത് പോലെ ശക്തമായിരുന്നു ആ ഇടി എന്നാണ്.    


എനിക്ക് മാരകമായി പരിക്കു പറ്റിയിരുന്നു. ഒന്നനങ്ങാൻ പോലുമാവാതെ ആ തീവണ്ടിപ്പാളത്തിൽ കിടക്കുമ്പോൾ മാത്യു സ്കോട്ടിനെയും ടോം തമ്പിനെയും അവസാനമായി ഒന്നു കൂടി  കാണാനായി ആഗ്രഹിച്ചു... അങ്ങ് ദൂരെയായി വീണു കിടക്കുന്ന  ടോമിനെക്കണ്ടു ഹൃദയം നുറുങ്ങിപ്പോയി. അവന്റെ അടുത്തേക്ക് ഓടിച്ചെല്ലാൻ ആഗ്രഹിച്ചെങ്കിലും അതിനു കഴിയാത്ത നിസ്സഹായാവസ്ഥയിൽ മനസ്സ് വിങ്ങി. എന്നെ കെട്ടിപ്പിടിച്ചു കരയുന്ന സ്‌കോട്ടിനെ ആശ്വസിപ്പിക്കാനായി തുമ്പിക്കൈ കൊണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്യാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ. എന്നത്തേയും പോലെ അദ്ദേഹം സ്നേഹത്തോടെ  തുമ്പിക്കൈയിൽ മെല്ലെ തലോടി. കഴിഞ്ഞ പതിനാലു വർഷങ്ങളായി എന്നോടൊപ്പമുള്ള ആ സ്നേഹത്തണലിൽ തന്നെ ഞാൻ എന്റെ അവസാന ശ്വാസവും അർപ്പിച്ചു.   


എന്റെ മൃതദേഹവുമായി ബർണ്ണത്തിന്റെ സർക്കസ് ടീം കാനഡയിലെമ്പാടും പര്യടനം നടത്തിയപ്പോൾ   എന്നെ സ്നേഹിക്കുന്ന ജനങ്ങളെല്ലാം അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. പിന്നീട് എന്റെ അസ്ഥികൂടം ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്കു സംഭാവന ചെയ്തു. 


ഇന്നും, ഒന്റാരിയോ സെന്റ് തോമസിലെ നിവാസികൾ അവരുടെ പട്ടണത്തിന്റെ ചരിത്രത്തിലെ മായാത്ത ഭാഗമായി എന്നെയും കണക്കാക്കുന്നു. 1985-ൽ പട്ടണത്തിന്റെ പ്രവേശന കവാടത്തിനടുത്ത് അവർ എന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  ഇന്നും ഒരുപാടാളുകൾ എന്നെ കാണാൻ അവിടെ എത്തുന്നുണ്ട്. 


ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ചർച്ച ഇന്നും തുടരുന്നുണ്ട്.  









Tuesday, February 28, 2023

ബനാറസ് ചരിത്രവീട്

  






കാനഡയും ബനാറസുമായി എന്താണു ബന്ധം? പേരിലെ ആ  കൗതുകമാണ് അതന്വേഷിച്ചു പോകാനുണ്ടായ പ്രചോദനം. 

നമുക്കെല്ലാം അറിയുന്ന പോലെ ഉത്തരേന്ത്യയിലെ ഗംഗാനദിയുടെ തീരത്തുള്ള ഒരു നഗരമാണല്ലോ ബനാറസ്. ഹിന്ദുമതവും ജൈനമതവും ബുദ്ധമതവും ഒരു പോലെ പവിത്രമായി കരുതുന്ന നഗരമാണിത്. ഹിന്ദു മതത്തിന്റെയും  ജൈനമതത്തിന്റെയും ഏഴു പുണ്യ നഗരങ്ങളിൽ ഒന്നാണ് വാരാണസി അഥവാ ബനാറസ്. ബനാറസ് ഹിസ്റ്റോറിക് ഹൗസിന്റെ നിർമാതാവും ഉടമയുമായ എഡ്ഗർ നീവ് ഒരു യാത്രാപ്രേമിയായിരുന്നു. അദ്ദേഹം തന്റെ യാത്രയിൽ കണ്ടിഷ്ടപ്പെട്ട ബനാറസിന്റെ ഓർമ്മയ്ക്കായിട്ടാണ്  തന്റെ വീടിനു ആ പേര് നല്കിയത്. അക്കാലത്തൊക്കെ  അങ്ങനെ പേരിടുന്നത് ഒരു പതിവായിരുന്നുവത്രേ. 

165 വർഷത്തിലേറെ  പഴക്കമുള്ളതും ജോർജിയൻ ശൈലിയിലുള്ളതുമായ  എസ്റ്റേറ്റാണ് ബനാറസ് ഹിസ്റ്റോറിക് ഹൗസ്. നാലു തലമുറകളുടെ ചരിത്രമുറങ്ങുന്ന ഈ വീട്ടിൽ  ഒരു പ്രദർശന ഗാലറിയുണ്ട്.  അവരുടെ കുടുംബ സ്വത്തുക്കളാണ് പ്രധാനമായും  അവിടെ  പ്രദർശിപ്പിച്ചിരിക്കുന്നത്‌. 

1835 ലായിരുന്നു എഡ്ഗർ ഈ വീടുണ്ടാക്കിയത്.  ഏറെ  താമസിയാതെ അതു ക്യാപ്റ്റൻ ഹാരിസിനു വിൽക്കുകയുണ്ടായി. പിന്നീട് തലമുറകളോളം ഹാരിസ് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ എസ്റ്റേറ്റ്. ഹാരിസ്, സയേഴ്സ് കുടുംബത്തിലെ നാലു തലമുറകൾ ഇവിടെ താമസിച്ചിരുന്നു. 1857 ലാണ് ഇന്നു കാണുന്ന രൂപത്തിൽ 'ബനാറസ്' നിർമ്മിക്കപ്പെട്ടത്. 1977 ൽ  ക്യാപ്റ്റൻ ഹാരിസിന്റെ കൊച്ചുമക്കളാണ് വീടും അതിലെ സാധനങ്ങളും മിസ്സിസോഗ ചരിത്രസംരക്ഷണ വകുപ്പിനു സംഭാവന  ചെയ്തത്. 1995  ലാണ് ഈ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്.

ജോർജിയൻ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ബനാറസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം വരാന്തയും ബാൽക്കണിയും പോലുള്ള പ്രാദേശിക ഘടനകളും ഇതിൽ ചേർത്തിരിക്കുന്നു.  1835-ൽ നിർമ്മിച്ച  ഭവനത്തിന്റെ  ഭാഗമാണെന്നു വിശ്വസിക്കപ്പെടുന്ന നീളമുള്ള ഒറ്റനില കെട്ടിടവും  ദീർഘചതുരാകൃതിയിലുള്ള രണ്ടു  നിലകളുള്ള കെട്ടിടവും ചേർന്നതാണ്  പ്രധാന വീട്. ആദ്യത്തെ  കെട്ടിടം ഒരു തീപിടുത്തത്തിൽ നശിച്ചതിനാൽ വീണ്ടും പണിതതാണ് ഇപ്പോഴത്തെ  പ്രധാന കെട്ടിടം. വീടിന്റെ  മുൻഭാഗത്ത് വീതിയിൽ ഒരു തുറന്ന വരാന്തയുണ്ട്. അന്നത് പുതുമയുള്ള ഒരു വാസ്തുവിദ്യാസവിശേഷതയായിരുന്നുവത്രേ. മുൻവശത്തെ പ്രവേശന കവാടത്തിനു  മുകളിൽ ഒരു ചെറിയ ബാൽക്കണിയുമുണ്ട്. ജനലുകളും അവയുടെ ഷട്ടറുകളും മേൽക്കൂരയിലുള്ള ചിമ്മിനികളും ആദ്യകാലം മുതലുള്ളവയാണെന്നു കരുതപ്പെടുന്നു. 

പ്രധാന വീടിനെ ചുറ്റി പിന്നാമ്പുറത്തു എത്തിയാൽ അവിടെ പല വലിപ്പത്തിലുള്ള ഔട്ട്ഹൗസുകൾ കാണാം. അവ, പലതരം സംഭരണശാലകൾ ആയിരുന്നിരിക്കണം.  

നഗരത്തിനുള്ളിൽ തന്നെയുള്ള ബനാറസ് എസ്റ്റേറ്റ് മിസ്സിസോഗയുടെ കാർഷിക ഭൂതകാലത്തിലേക്കുള്ള ഒരു പ്രധാന കണ്ണി കൂടിയാണ്. നഗരത്തിനു നടുവിലായിട്ടു പോലും ഈ പ്രദേശത്തെ ചരിത്ര സ്മാരകമായി സംരക്ഷിക്കുകയാണ്. 

ചരിത്രങ്ങൾ സംരക്ഷിക്കപ്പെടണം, എന്നാലേ ഒരു രാജ്യവും അതിലെ ജനങ്ങളും കടന്നു പോയ വഴികളും ജീവിതവും പിന്നാലെ വരുന്ന തലമുറകൾക്കു കണ്ടറിയാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ രീതിയിലേക്കു തങ്ങൾ എങ്ങനെ എത്തിയെന്നറിയാൻ... ആദരപൂർവ്വം അവയെ കാത്തു സൂക്ഷിക്കാൻ... അഭിമാനപൂർവ്വം അവയെ സംരക്ഷിക്കാൻ... പുതുതലമുറ പഠിക്കാൻ നമ്മൾ അവയെ സംരക്ഷിക്കുക തന്നെ വേണം.

മിസ്സിസോഗയിലും ഒന്റാരിയോയുടെ മറ്റു ഭാഗങ്ങളിലുമായി  അനേകം ചരിത്രസ്മാരകങ്ങൾ ഉണ്ട്. ഈ വർഷത്തെ വേനൽക്കാലം അത്തരം ചരിത്രങ്ങളിലൂടെയുള്ള യാത്രകളായിരുന്നു. 




Related Posts Plugin for WordPress, Blogger...