Friday, October 22, 2010

പിറന്നാള്‍ സമ്മാനം!


രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ്  മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്. അവിടെ ഇനിയും ഒന്നു രണ്ടു രോഗികള്‍ കൂടെയുണ്ട്.കാന്റീനില്‍ കാണുമെന്നു  പറഞ്ഞിട്ട്  നേരെ  അങ്ങോട്ട്‌ നടന്നു. ചൂടുള്ള കോഫിയുമായി ഒഴിഞ്ഞ കോണില്‍ ഇടം പിടിക്കുമ്പോഴേക്കും രാഹുലും എത്തി.

"തനിക്കു കഴിക്കാന്‍ ഒന്നും വേണ്ടേ?"

"രാഹുല്‍ വന്നിട്ടാകാം എന്നു വച്ചു"

ശരി, എങ്കില്‍ ഞാന്‍ വാങ്ങിയിട്ട് വരാം"


ഒരു തലയാട്ടലില്‍ മറുപടി ഒതുക്കി,കാപ്പിക്കപ്പ്‌ ചുണ്ടോടു ചേര്‍ത്തു.


ട്രേയില്‍ കഴിക്കാനുള്ളതുമായി രാഹുല്‍ വന്നപ്പോഴേക്കും മീരയുടെ കോഫി തീര്‍ന്നിരുന്നു.


പതിവ് പോലെ,രാഹുലിന് ചപ്പാത്തിയും കുറുമയും, അവള്‍ക്കു വെജിറ്റബിള്‍ ഉപ്പുമാവും!


ഉപ്പുമാവിന്റെ പ്ലേറ്റ് മുന്നിലേക്ക്‌ എടുത്തു വെക്കുന്നതിനിടയില്‍ മീര ചോദിച്ചു,

"രാഹുല്‍, നാളെ നമുക്ക് അമ്മയുടെ അടുത്തൊന്നു പോയാലോ,അമ്മയുടെ പിറന്നാളാണ് നാളെ..."


 ഓ, എത്ര പെട്ടന്നാണ് ഒരു വര്‍ഷം കഴിഞ്ഞത് അല്ലെ..?ഇത്തവണ എന്തു സര്‍പ്രൈസ് ആണ് അമ്മക്ക് കൊടുക്കുക?"

"അതെനിക്കറിയില്ല" മീരയുടെ  മറുപടി രാഹുലില്‍ ഒരു പുഞ്ചിരി പടര്‍ത്തി.


"ഒരു സദ്യ ഓര്‍ഡര്‍ ചെയ്താലോ?അമ്മയുടെ ഇഷ്ട വിഭവങ്ങള്‍ ഒക്കെയായി..."


അമ്മയുടെ ഇഷ്ടവിഭവങ്ങള്‍! എന്തൊക്കെയാണവ?ഒരിക്കല്‍ പോലും അങ്ങിനെയൊന്നു തനിക്കറിയില്ലല്ലോ എന്നത് മീര കുറ്റബോധത്തോടെ ഓര്‍ത്തു.തന്റെയും അച്ഛന്റെയും ഇഷ്ടങ്ങള്‍ മാത്രമായിരുന്നല്ലോ എന്നും തങ്ങളുടെ വീട്ടില്‍....


"എന്തായാലും ഞാന്‍ അമ്മയെ ഒന്നു ഫോണ്‍ ചെയ്യട്ടെ,എന്നിട്ട് ചോദിച്ചു മനസിലാക്കാം" രാഹുലില്‍ നിറയുന്ന ഉത്സാഹം മീരയെ അത്ഭുതപ്പെടുത്തിയില്ല.രാഹുലിന് തന്റെ അമ്മ, എന്നും സ്വന്തം അമ്മയെപ്പോലെയായിരുന്നു.ഒരുപക്ഷെ തന്നേക്കാളേറെ അമ്മയെ മനസ്സിലാക്കിയതും രാഹുല്‍ ആവണം...

ഒരു കുട്ടിയുടെ ഭാവഹാവാദികളോടെ രാഹുല്‍ ഫോണില്‍ അമ്മയോട് സംസാരിക്കുന്നതും നോക്കിയിരുന്നു മീര മെല്ലെ മുന്നിലിരുന്ന ഉപ്പുമാവിലേക്ക് സ്പൂണ്‍ താഴ്ത്തി.



"എടോ, നാളെ രാവിലെ തന്നെ അങ്ങെത്തണമെന്നാണ് അമ്മ പറയുന്നത്" രാഹുല്‍ പറയുന്നത് കേട്ടു ചോദ്യഭാവത്തില്‍ ആ മുഖത്തേക്ക് നോക്കിയപ്പോള്‍, ഒരു കഷണം ചപ്പാത്തി പൊട്ടിച്ചു വായില്‍ ഇട്ടു കൊണ്ട് രാഹുല്‍ പുഞ്ചിരിച്ചു.

"നമുക്ക് നാളെ അതിരാവിലെ പോകാം അല്ലേ... നാളെ രാഹുലിന്  ഓഫ്‌ അല്ലേ,ഞാന്‍ ലീവ് എടുക്കാം", രാഹുലിന്റെ ഉത്സാഹം തന്നിലേക്കും പടരുന്നത്‌ മീര അറിഞ്ഞു.


........
കാറിലിരിക്കുമ്പോള്‍ മീര ഓര്‍ത്തു, 


അച്ഛന്റെ ഇഷ്ടങ്ങള്‍ നിറവേറ്റാനുള്ള ഒരു യന്ത്രം മാത്രമായിരുന്നു അമ്മ എന്നു മുതിര്‍ന്നപ്പോഴാണ്‌  മനസ്സിലാക്കിയത്. എം.ടി യെയും വള്ളത്തോളിനെയും ആശാനെയും പോലെ തന്നെ പോള്‍ കൊയ് ലൊയെയും ഗ്യാംസൊയെയും അമ്മ വായിച്ചിരുന്നത്, അച്ഛനെ കാണാതെയായിരുന്നു. അച്ഛന്റെ ഭാഷയില്‍ അമ്മയുടെ വായന പ്രയോജനമില്ലാത്ത കാര്യങ്ങളായിരുന്നു.


വീട്ടില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് കഴിക്കാനോ മറ്റോ കൊടുത്തുവെന്നറിഞ്ഞാല്‍ അച്ഛന്‍ കലിതുള്ളിപ്പറയും, "വല്ലവനും കഷ്ട്ടപ്പെട്ടു  കൊണ്ടു വരുന്നത് എടുത്തു കൊടുത്താല്‍ മതിയല്ലോ നിനക്കൊക്കെ"

അന്നേ ദിവസം അമ്മ പട്ടിണി ഇരുന്നിട്ടാണ്, വിശക്കുന്നവനു ആഹാരം കൊടുത്തതെന്ന് അച്ഛന്‍ ഒരിക്കലും അറിഞ്ഞില്ല!

ഒരിക്കല്‍പ്പോലും അമ്മ മറുത്തെന്തെങ്കിലും പറയുന്നതും കേട്ടിട്ടില്ല.

സഹായം ചോദിച്ചു വരുന്ന ആരെയും വെറും കയ്യോടെ അയക്കുമായിരുന്നില്ല.തന്റെ കയ്യിലുള്ളത് കൊടുക്കാന്‍ ഒരിക്കലും അമ്മ മടിച്ചിരുന്നില്ല...


ഒരിക്കല്‍ മാത്രം തന്നോട് പറഞ്ഞു,


"മോളുടെ കല്യാണം കഴിഞ്ഞാല്‍ ഏതെങ്കിലും ഒരാശ്രമത്തില്‍ പോയി ജീവിക്കണം എന്നാണ് ആഗ്രഹം"


അന്ന്, അത് കേട്ടുകൊണ്ടു വന്ന അച്ഛന്‍, അമ്മയെ പരിഹസിച്ചത്‌ ഇപ്പോഴും കാതോരത്ത് കേള്‍ക്കുന്നു.


"ആശ്രമത്തിലോ നീയോ, അവിടെ പോയി നീ എന്തു ചെയ്യാനാ?"

"വേദനിക്കുന്നവര്‍ക്ക് അല്പം ആശ്വാസം പകരാനായാല്‍....."


അര്‍ധോക്തിയില്‍  അമ്മ നിര്‍ത്തിയപ്പോള്‍, അച്ഛന്‍ പൊട്ടിച്ചിരിച്ചു.


അച്ഛന്റെ മരണ ശേഷം ഒരിക്കല്‍ രാഹുല്‍ ആണത് പറഞ്ഞത്,ഇനിയെങ്കിലും അമ്മക്കിഷ്ടമുള്ള ഒരു ജീവിതം നമുക്ക് കൊടുത്തു കൂടെ എന്ന്‌...


പതിവ് പോലെ ആ വാരാന്ത്യത്തിലും വീട്ടിലെത്തി ,  കാലില്‍ തൊട്ടു തൊഴാന്‍ കുനിഞ്ഞ മീരയെ പിടിച്ചുയര്‍ത്തി, അമ്മ മൂര്‍ദ്ധാവില്‍ മുത്തം കൊടുത്തു.

തങ്ങള്‍ക്കു പ്രിയപ്പെട്ട വിഭവങ്ങളുമായി ഊണ് കഴിഞ്ഞു.


" നമുക്ക് ഒരു യാത്ര പോകാനുണ്ട്,അമ്മ ഒരുങ്ങിക്കോളൂ" എന്നു പറഞ്ഞപ്പോള്‍, അതിനു കാത്തിരുന്നത് എന്ന പോലെ അമ്മ തയ്യാറായി വന്നത്, എവിടെക്കെന്നു ചോദിക്കാതിരുന്നത്, എല്ലാം മീരയെ അത്ഭുതപ്പെടുത്തി!


യാത്രയിലുടനീളം അമ്മയും നിശബ്ധയായിരുന്നു. എന്നാല്‍ 'സ്നേഹാശ്രമ' ത്തിന്റെ ഗേറ്റ് കടന്നപ്പോള്‍ ആ മിഴികള്‍ തിളങ്ങാന്‍ തുടങ്ങി. പതിയെ അടുത്തിരുന്ന തന്റെ കൈകളില്‍  പിടിച്ചു....  ആ മനസിന്റെ താളം കൈകളില്‍ അനുഭവിച്ചറിഞ്ഞ മീര, പെട്ടന്ന് അമ്മയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു,


"ഇനിയുള്ള ജീവിതം അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാനുള്ളതാണ്,  അമ്മക്കേറെ ഇഷ്ടമുള്ള ഇവിടെ അമ്മക്കിനി കഴിയാം"

സന്തോഷം കൊണ്ടു നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ ചുംബിക്കുമ്പോള്‍ മീരയുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുകയായിരുന്നു!



Related Posts Plugin for WordPress, Blogger...