Wednesday, April 10, 2013

അഭിനവ പാഞ്ചാലി



ഡിസ്ക്കോത്തെക്കിലെ ആട്ടവും കൂത്തും കഴിഞ്ഞു, ആടിക്കുഴഞ്ഞ കാലുകളോടും  ഉറക്കം തൂങ്ങിയ കണ്ണുകളോടെയും ഷാര്‍ടാ, പുതിയ ഭര്‍ത്താവായ നിഷാന്തിനോടൊപ്പം പുറത്തേക്കിറങ്ങി.

കാര്‍പാര്‍ക്കില്‍  എത്തുമ്പോഴേക്കും ഏതാനും യുവാക്കള്‍ അവരുടെ പിന്നാലെയെത്തി.

'ഹലോ....' വിളികേട്ടു ഷാര്‍ടായും നിഷാന്തും തിരിഞ്ഞു നോക്കി.

'ഹായ് ഗയ്സ്'  പുഞ്ചിരിയോടെ  ഷാർടാ  അവര്‍ക്ക് നേരെ  കൈ വീശി.

'ഞാന്‍ മനു' അടുത്തേക്ക് വന്ന യുവാക്കളിലൊരാള്‍ ആദ്യം സ്വയം പരിചയപ്പെടുത്തി.പിന്നെ കൂടെയുള്ളവരെയും പരിചയപ്പെടുത്തി.

'ഞാന്‍ ഷാര്‍ടാ'  ഹസ്തദാനം ചെയ്യുന്നതിനിടയില്‍ അവള്‍ മൊഴിഞ്ഞു.

'ഷാര്‍ടാ?' 

'ശാരദ എന്നു മലയാളത്തില്‍ പറയും' വാ പൊളിച്ചു നിന്ന മനുവിനോട് നിഷാന്ത് വിശദീകരിച്ചു.

കൈകൊടുക്കലും കെട്ടിപിടിക്കലും എല്ലാം കൂടിക്കുഴഞ്ഞ പരിചയപ്പെടലിനു ശേഷം കാറില്‍ കയറാനൊരുങ്ങിയ ഷാര്‍ടായുടെ പകുതി  ഭാഗവും തുറന്ന 'ടാങ്ക്' എന്ന ടോപ്പില്‍ മനുവിന്റെ കൈ! അഭിനവ ദുശാസ്സന്മാരുടെ പൊട്ടിച്ചിരിക്കിടയിൽ, ധര്‍മപുത്രരേക്കാള്‍ നിസ്സംഗതയോടും നിസ്സഹായതയോടും  കാറിനുള്ളിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്ന നിഷാന്തിനെയാണ്  ഷാർടാ കണ്ടത്.

ഒരു നിമിഷം,മനസ്സിലൂടെ പല മുഖങ്ങള്‍ കടന്നു പോയി...  പഴയ ഭര്‍ത്താവായ മാര്‍ക്ക്, ഫോണ്‍ കാമുകനായ ഇന്ദ്രൻ  , ഇന്റര്‍നെറ്റ്‌ കാമുകന്മാരായ കുമാര്‍, നൌഷാദ് - ആരാണ് തന്നെ രക്ഷിക്കാനായി  ഇവിടെയുള്ളത്?

അഴിയുന്തോറും ചുറ്റിവരാന്‍ താന്‍ ഉടുത്തിരിക്കുന്നത് ചേലയല്ലല്ലോ എന്നതും  ദുശാസനന്റെ  രക്തത്തില്‍ കൈമുക്കിയിട്ടേ കെട്ടിവെക്കൂ എന്നു പ്രതിജ്ഞയെടുക്കാന്‍, അഴിഞ്ഞു വീഴാനായി തനിക്കൊരു മുടിക്കെട്ടില്ലല്ലോ  എന്നതും അപ്പോള്‍ ഒരു പ്രശ്നമായി തോന്നിയില്ല .....

പിന്നെ, കരാട്ടെ ക്ലാസ്സില്‍ പഠിച്ച പാഠങ്ങള്‍ തന്നെ രക്ഷ!!

ഒടുവില്‍ തലങ്ങും വിലങ്ങും ദുശാസനന്മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ്  കാറില്‍ നിന്നും ഒളിഞ്ഞു നോക്കിയ നിഷാന്ത് കാണുന്നത്....! 



   
80 കളിലെ കഥാശേഖരത്തിൽ നിന്നും, കുറച്ചു കൂട്ടിചേർക്കലുകളോടെ  ...



Related Posts Plugin for WordPress, Blogger...